എടത്വ: സിപിഎം വിഭാഗീയതയും സിപിഐ തര്‍ക്കവും നിമിത്തം തലവടി പഞ്ചായത്തില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചു. കുടുംബശ്രീയുടെ തുടക്കകാലം മുതല്‍ തലവടിയിൽ സിപിഎം കയ്യടക്കി വച്ചിരുന്ന സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനമാണ് ഇതോടെ നഷ്ടമായത്. തലവടി ഒന്നാം വാര്‍ഡില്‍ നിന്നുമുള്ള സുബി ചാക്കോയാണ് ഒന്‍പതു വോട്ടുകള്‍ നേടി സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഎമ്മില്‍ നിന്നും രണ്ടുപേര്‍ മല്‍സരിക്കാന്‍ തയ്യാറായിട്ടും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് സിപിഎം പ്രതിനിധികളായി മല്‍സരിച്ച സുനി രാധാകൃഷ്ണനു മൂന്നു വോട്ടുകളും, സുഗതമ്മയ്ക്ക് നാലു വോട്ടുകളും മാത്രമാണ് ലഭിച്ചത്.
വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും സിപിഎം പ്രതിനിധികളായി രാജി സുബാഷ്, സുനി രാധാകൃഷ്ണന് എന്നീ രണ്ടു പേരാണ് മല്‍സരിച്ചത്. കോണ്‍ഗ്രസ് പ്രതിനിധി സാറാമ്മ ബിജുവും, ശ്രീരഞ്ജിനി എന്നിവരും മല്‍സരിച്ചു. ഇതില്‍ രാജി സുബാഷ് 7 വോട്ടു നേടി വിജയിച്ചു. സുനി രാധാകൃഷ്ണന് ആറും, കോണ്‍ഗ്രസ് പ്രതിനിധിയായി സാറാമ്മ ബിജുവിന് ഒന്നും ശ്രീരഞ്ജിനിക്ക് രണ്ടും വീതമാണ് വോട്ടുകള്‍ ലഭിച്ചത്. തലവടി പഞ്ചായത്തില്‍ മുന്നൂറിലധികം കുടുംബശ്രീകള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും 140 കുടുംബശ്രീകള്‍ മാത്രമാണ് അഫിലിയേഷന് പുതുക്കിയിട്ടുള്ളത്.
പതിനാറു വാര്‍ഡുകളില്‍ നിന്നും സിഡിഎസിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ട പല പ്രതിനിധികളെയും വാര്‍ഡില്‍ നിന്നും വെട്ടി നിരത്തപ്പെട്ടതും സിപിഎം നിയന്ത്രത്തിലുള്ള പല കുടുംബശ്രീകളുടെയും അഫിലിയേഷന് പുതുക്കാതിരുന്നതും പരാജയത്തിന് കാരണമായി.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പേ ജില്ലാനേതൃത്വത്തിന്റെ നിര്‍ദേശം ഉണ്ടായിരുന്നിട്ടും കുടുംബശ്രീ തെഞ്ഞെടുപ്പിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല.